കണ്ണാടിപ്പുഴ

ഓളങ്ങളില്ലാതെ കിടക്കുന്ന പുഴയിലൂടെ
ഒരു ചെറുതോണിയിൽ പോവുകയായിരുന്നു
ഞാനും മൗനവും തോണിക്കാരനും.

ഇതിൽ വീണ് പോയാലും പൊങ്ങിക്കിടക്കുമായിരിക്കും
ഒരു ചെറു കാറ്റിൽ മെല്ലെ ' തീരത്തടിയുമായിരിക്കും.

തോണിക്കാരൻ ചിരിച്ചു.

നിലയില്ലാ കയങ്ങൾ, പിടി തരാ ചുഴികൾ
ഒന്നിറങ്ങിയാൽ പിന്നെ എത്തിച്ചേരുന്ന
ഇടങ്ങളേതെന്ന് പറയുവാനാവില്ല.

പലനാളിൽ പലപേരങ്ങനെ
 പലയിടങ്ങളിലെത്തിയ കഥകളായി പിന്നെ.

ആ കഥകളുടെ ചുഴിയിൽ വീണ് താഴ്ന്ന് പോകുമ്പോൾ
ആ തോണിക്കാരന്റെ ശാന്തമായ മുഖം 
ഒരു നോക്ക് കണ്ടു.
അയാൾ തന്നെയല്ലേ ഈ പുഴ.

Comments

Popular Posts