ഗ്രാവിറ്റി



മണ്ണിന്റെ പൊക്കിൾക്കൊടി
ഗർഭപാത്രത്തിന്റെ ഉൾവിളി
ഇല്ല മഴയ്ക്കപ്പുറം പോകുവാനാകില്ല
ഏതുവാനിൽ ഒഴുകിപ്പറക്കാനാണെങ്കിലും

നോവിന്റെ  നനവ്
അൻപിന്റെ ചൂട്
ചുറ്റുവാനുണ്ട്
ഞാനെന്ന ഭ്രമണപഥത്തിലൂടേറെദൂരം

കാണുവാനുണ്ട്  ഇരു മുഖങ്ങൾ
കേൾക്കുവാനുണ്ട് അപസ്വരങ്ങൾ
നിലതെറ്റി പൊങ്ങുവാനുണ്ട്
അടിതെറ്റി വീഴുവാനുണ്ട്

 ശയ്യയിൽപാതിമെയ്യായി പൊങ്ങിക്കിടാക്കാനുണ്ട്
 മനസ്സിനെ പകുത്ത് കൊടുക്കുവാനുണ്ട്
 ആയുസ്സിനെ വീതം വെയ്ക്കാനുണ്ട്
 സ്വപ്നങ്ങളെ  വിതയ്ക്കാനുണ്ട്, കൊയ്യാനുണ്ട്

 ഓർമ്മകളെ വിരുന്നൂട്ടാനുണ്ട്
 നഷ്ടങ്ങളുടെ കണക്കെടുക്കാനുണ്ട്
 തിരിച്ചെടുക്കാനാവാത്തതിനെ നോക്കി കണ്ണിറുക്കാനുണ്ട്
 നാളെ നാളെയെന്ന് എന്നും മന്ത്രിക്കുവാനുണ്ട്.





Comments

Popular Posts