മതിലുകള്‍

മതിലുകള്‍ ആണ് എന്റെ കാലഘട്ടത്തിലെ ചരിത്ര സ്മാരകങ്ങള്‍
ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക്,തമാശകള്‍ക്ക് , കുസൃതികള്‍ക്ക് അതിര്‍വരംബാകാതെ അത് നിന്നു.
മതിലില്‍ ഓരോരുത്തര്‍ക്കും ഓരോ ഇടങ്ങളുണ്ടായിരുന്നു ,
വാകയുടെ കൊമ്പ് ചാഞ്ഞു നില്‍ക്കുന്നിടം ഒരിക്കലും ദേവന്‍ വിട്ടുതരില്ല
അവന്റെ തമാശകള്‍ക്ക് ആ വാക കൊമ്പ് താങ്ങായി ,
അവന്‍ തമാശകള്‍ നിര്‍ത്തി ആ മതിലില്‍ നിന്നു എന്നെന്നേക്കും ഇറങ്ങിപ്പോയതില്‍പ്പിന്നെ ആ വാക പൂക്കാതെയായി .
ജയന്‍ പ്ലസ്‌ രാധ എന്ന് ജയന്‍ മതിലെഴുതുംപോള്‍ അവന്റെ കയ്യിലെ ചെങ്കല്ല് അവന്റെ ഹൃദയമാണെന്ന് എനിക്ക് തോന്നിയിരുന്നു ,
ഒരു രാത്രിയില്‍ ആ മതില്‍ തന്നെ ചാടി പിന്നെയവള്‍ ആ ഹൃദയം തിരിച്ചു കൊടുത്തു .
ആഷിക്കിനെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് ഓടിച്ചത് ഒരു മതിലില്‍ നിന്നിറങ്ങി വന്ന പാമ്പായിരുന്നു ,പിന്നെയാ മതിലില്‍ തന്നെ നാടിന്റെ അഭിമാനമായി റാങ്ക് കാരനായി അവന്റെ പോസ്റ്റര്‍ പതിഞ്ഞു .
മതിലുകള്‍ക്ക് അന്നാട്ടിലെ സകല ആണുങ്ങളുടെയും മൂത്രത്തിന്റെ ഉപ്പുരസമറിയാം ,രാത്രിയില്‍ തങ്ങളുടെ നിഴലിനെ പറ്റിപ്പിടിച്ചു ചൂടുതേടി പോകുന്നവരെ അറിയാം ,മതിലില്‍ മലര്‍ന്നു കിടന്നു
നിലാവുകണ്ടാവരെ അറിയാം .

എന്നിരുന്നാലും ഞങ്ങളുടെ നാട്ടില്‍ മതിലുകള്‍ കുറവായിരുന്നു .

Comments

Popular Posts